This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രേന്‍, സ്റ്റീഫന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രേന്‍, സ്റ്റീഫന്‍

Crane, Stephen (1871- 1900

അമേരിക്കന്‍ നോവലിസ്റ്റും പത്രലേഖകനും. ന്യൂജേഴ്സിയിലെ നെവാര്‍ക്കില്‍ ഒരു പുരോഹിതന്റെ മകനായി 1871 ന. 1-ന് ജനിച്ചു. ലാഫയറ്റ് കോളജിലും സിറാക്യൂസ് സര്‍വകലാശാലയിലും പഠിച്ചെങ്കിലും ബിരുദം നേടാതെ ന്യൂയോര്‍ക്കില്‍ പത്രപ്രവര്‍ത്തകനായി മാറി. മെഥേഡിസ്റ്റ് മതവിഭാഗത്തിന്റെ നിയമങ്ങള്‍ക്കെതിരെ തന്റെ രചനകളിലൂടെ അതിശക്തമായി ഇദ്ദേഹം പ്രതികരിച്ചു. ന്യൂയോര്‍ക്കിലെ ദരിദ്രന്മാര്‍ താമസിക്കുന്ന പുറം തെരുവുകളുടെ യഥാതഥ ചിത്രീകരണമായ മാഗി: എ ഗേള്‍ ഒഫ് ദ് സ്റ്റ്രീറ്റ്സ് (Maggie: a girl of the streets, 1893), ദ് റെഡ് ബാഡ്ജ് ഒഫ് കറേജ് (The Red Badge of Courage, 1895) എന്നീ നോവലുകളുടെ പ്രസിദ്ധീകരണത്തോടെ, നാച്വറലിസത്തിന്റെ ആദ്യകാല പ്രയോക്താവായി ഇദ്ദേഹം അറിയപ്പെട്ടു. പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്യൂബയില്‍ യുദ്ധകാല ലേഖകനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെറുകഥാരചനയില്‍ വൈദഗ്ധ്യം നേടിയ ഇദ്ദേഹത്തിന്റെ ദ് ഓപ്പണ്‍ ബോട്ട് (The Open Boat) എന്ന കഥാസമാഹാരം പുതുമ സൃഷ്ടിച്ചു. വൂണ്‍ഡ്സ് ഇന്‍ ദ് റെയ്ന്‍ (Wounds in the Rain, 1900), ദ മോണ്‍സ്റ്റെര്‍ ആന്‍ഡ് അദര്‍ സ്റ്റോറീസ് (The Monstar and the other stories, 1899) എന്നിവ സ്വാനുഭവ പ്രതിപാദകങ്ങളായ കഥാസമാഹാരങ്ങളാണ്. ദ് ബ്ലാക് റൈഡര്‍ (1895), ദ് വാര്‍ ഈസ് കൈന്‍ഡ് (1899) തുടങ്ങിയവ ഗദ്യകവിതാസമാഹാരങ്ങളാണ്.

ക്ഷയരോഗബാധിതനായി ചികിത്സയ്ക്ക് ജര്‍മനിയില്‍ പോയ ഇദ്ദേഹം അവിടെ 28-ാം വയസ്സില്‍, 1900 ജൂണ്‍ 5-ന് മരിച്ചു.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍